ജീവിതത്തിന്റെ ഭ്രാന്തമായ തിരക്കുകളില്‍ പെട്ടു എനിക്കു എന്നെത്തന്നെ നഷ്ടപ്പെടുന്നു എന്ന തോന്നലിനിടയ്ക്കാണ് ഞാനവളെ കണ്ടത്, എന്റെ ദേവതയെ. ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അവള്‍ അവിടെ പാറി നടന്നിരുന്നു. അവള്‍ എന്റെ മാത്രം ആയിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു.
നേര്‍ത്ത ചാറ്റല്‍ മഴയുള്ള ഒരു സന്ധ്യയില്‍ എന്റെ ഹൃദയം ഞാനവള്‍ക്കു നേരെ നീട്ടി. അവളത് സ്വീകരിക്കുമെന്നും അവളുടെ ഹൃദയം എനിക്കായി അവളേകുമെന്നും ഞാന്‍ കരുതി. എന്റെ ഹൃദയം അവള്‍ക്കു പക്ഷെ സ്വീകാര്യമായിരുന്നില്ല. അവള്‍ പറഞ്ഞു “ ഇല്ലാ… എനിക്കതിനു സാധിക്കില്ലാ. നിന്റെ ഹൃദയം എനിക്കുള്ളതല്ല, അത് മറ്റാര്‍ക്കോ വേണ്ടിയുള്ളതാണെന്ന സത്യം കാലം തെളിയിക്കും”.
അവളിതു പറഞ്ഞ നിമിഷം, കൈക്കുമ്പിളില്‍ ഞാനവള്‍ക്കായി നീട്ടിയ എന്റെ ഹൃദയം വഴുതിപ്പോയിരുന്നു, എന്റെ ജീവരക്തം അവള്‍ക്കായി ഒഴുകാന്‍ തുടങ്ങിയിരുന്നു. നിലത്തു വീണു ചിന്നിചിതറുമായിരുന്ന എന്റെ ഹൃദയം അവള്‍ എനിക്കു തിരികെ നല്‍കി. കൂടെ ഒഴുകിയെത്തി സംഗീതസാന്ദ്രമായ അവളുടെ വാക്കുകള്‍ ” ഞാനുണ്ടാവും നിന്നോടൊപ്പം, നിന്റെ ഒരു ഉറ്റ സുഹൃത്തായി… സുഹൃത്തായി മാത്രം”. പക്ഷെ അവള്‍ക്കായി ഒഴുകിയ എന്റെ ജീവരക്തം….. അത് തിരികെ നല്‍കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല. വേദനയുള്ള മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു “ശരിയാണ്, സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല”. കാതുകള്‍ക്കു കേള്‍ക്കാന്‍ കഴിയുന്ന സംഭാഷണം അവിടെ അവസാനിച്ചു.
ആ ചാറ്റല്‍ മഴയേറ്റു അവള്‍ നടന്നകലാന്‍ തുടങ്ങി. അവള്‍ അകന്നു പോകുന്തോറും മഴ ശക്തി പ്രാപിക്കുന്നത് ഞാനറിഞ്ഞു. അങ്ങകലെ വിദൂരതയില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നപ്പൊഴേക്കും എന്തൊ നഷ്ടപ്പെട്ട വേദനയില്‍ എന്റെ ഹൃദയം തേങ്ങി. ആ തേങ്ങല്‍ എന്റെ കണ്‍കോണിലൂടെ ഒരു മഴയായി നിശബ്ദം പെയ്തിറങ്ങാന്‍ തുടങ്ങി. എന്റെ കണ്ണീര്‍ മഴയ്ക്കു കൂട്ടായി പുറത്തു പ്രകൃതിയും കരഞ്ഞു കൊണ്ടിരുന്നു.
ഋതുക്കള്‍ കടന്നു പോകവെ ആ ദേവതയുടെ വര്‍ണ്ണചിത്രത്തെ ഹൃദയത്തില്‍ നിന്നു മായ്ചു കളയാന്‍ ഞാന്‍ ശ്രമം തുടങ്ങി. കാലപ്രവാഹത്തില്‍ ആ ചിത്രത്തിന്റെ വര്‍ണ്ണങ്ങള്‍ ഒലിച്ചു പോകുന്നത് ഞാനറിഞ്ഞു. എനിക്കതില്‍ ദു:ഖം തോന്നിയില്ല, കാരണം ഒരു മാറ്റം ഞാനാഗ്രഹിച്ചിരുന്നു. അതേ ആ മാറ്റം അനിവാര്യമായിരുന്നു.
കാലമാകുന്ന പുസ്തകത്താളുകള്‍ ജീവിതനിശ്വാസങ്ങളേറ്റു അനുസ്യൂതം മുന്‍പോട്ടു മറിഞ്ഞു പൊയ്കൊണ്ടിരുന്നു. ഒരിക്കല്‍ ഒരു സ്വപ്നത്തില്‍ ജീവിതത്താളുകള്‍ പുറകിലേക്കു മറിഞ്ഞു. അവയുടെ പുറകോട്ടുള്ള പ്രയാണത്തെ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ ശ്രമം നടത്തി. അതൊരു വ്യര്‍ഥമായ ശ്രമം ആയിരുന്നു. ആ താളുകള്‍ മറിഞ്ഞു കൊണ്ടു തന്നെ ഇരുന്നു, വന്യമായൊരു വേഗതയോടെ…. അത് ചാറ്റല്‍ മഴയുള്ള അന്നത്തെ ആ സന്ധ്യയില്‍ തിരിച്ചു ചെന്നു നിന്നു. ഞാനെന്റെ ഹൃദയത്തിലേക്കു നോക്കി, അന്നു ചിതറിപ്പോകുമായിരുന്ന എന്റെ ഹൃദയം. അതിന്റെ ഒരു കോണില്‍ വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അതാ എന്റെ ദേവത. അവള്‍ അവിടെ ഇപ്പൊഴും???….
കാലം മായ്ചു കളയാന്‍ വെമ്പിയ ആ വര്‍ണ്ണചിത്രം. നിറം മങ്ങിയിരുന്നുവെങ്ങിലും ആ രൂപം ഇന്നും അവിടെ തന്നെയുണ്ട്… കാലമെ നിനക്കു കഴിയില്ല എന്റെ ദേവതയെ എന്നില്‍ നിന്നു മായ്ക്കാന്‍. അവളെ ഞാനെന്റെ ഹൃദയത്തില്‍ കൊത്തിവച്ചതാണ്. നിനക്കവളെ മായ്ക്കാന്‍ കഴിയില്ലാ… ഒരിക്കലും.